District News
കടുത്തുരുത്തി: വിളക്കിത്തല നായര് സമാജം 24-ാമത് വാര്ഷിക സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന ട്രഷറര് കെ. അനില്കുമാര് ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് പ്രസിഡന്റ് പി.പി. വേണു അധ്യക്ഷത വഹിച്ചു. ഉന്നതവിജയങ്ങള് കരസ്ഥമാക്കിയ കുട്ടികള്ക്കുള്ള പുരസ്കാര വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.ജി. സജീവ് നിര്വഹിച്ചു.
സംസ്ഥാന ഉപദേശക സമിതി അംഗം കെ. നാണപ്പന് മുഖ്യപ്രഭാഷണം നടത്തി. ശാഖയിലെ മുതിര്ന്ന പൗരന്മാരെ ആദരിക്കല് സംസ്ഥാന ബോര്ഡ് മെംബർ പരമേശ്വരന് നിര്വഹിച്ചു. വിദ്യാഭ്യാസ ഇതര പുരസ്കാരങ്ങളുടെ വിതരണ ഉദ്ഘാടനം സംസ്ഥാന ഉപദേശക സമിതി അംഗം ആര്. ബാബു നിര്വഹിച്ചു. സംസ്ഥാന സെക്രട്ടറി സുജ ബാബു, താലൂക്ക് സെക്രട്ടറി എന്. ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി മിനി വിജയന്, ട്രഷറര് കെ.എസ്. ശശിധരന്, കമ്മിറ്റിയംഗം ഇ.സി. സോമന്, യു.പി. സര്ജി, വത്സമ്മ മോഹന്ദാസ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ബലാത്സംഗം പൊതുസമൂഹത്തിനോടുള്ള കുറ്റകൃത്യമായതിനാല് പ്രതിശ്രുതവരന് ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്പ്പെട്ടെന്ന പരാതിയിലെടുത്ത കേസ് ഒത്തുതീര്പ്പായാലും റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.
കമിതാക്കളായിരുന്ന മെഡിക്കല് വിദ്യാര്ഥികളുടെ വിവാഹനിശ്ചയത്തിനുശേഷം വരന് തന്റെ വീട്ടില്വച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില് കളമശേരി പോലീസെടുത്ത കേസ് റദ്ദാക്കാനാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന് വിസമ്മതിച്ചത്.
സംഭവത്തിനുശേഷം തന്നെ കൂട്ടുകാര്ക്കുമുന്നില് അധിക്ഷേപിച്ചെന്നും വിവാഹത്തിനു തയാറായില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്, തമ്മില് വിവാഹിതരാകുന്നതിനാല് കേസ് തുടരാന് ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി പരാതിക്കാരി നല്കിയ സത്യവാങ്മൂലത്തോടൊപ്പമായിരുന്നു കേസ് റദ്ദാക്കാനുള്ള വരന്റെ ഹര്ജി.
എന്നാല്, കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം സമൂഹത്തിനെതിരായ ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ കുറ്റകൃത്യത്തെ രണ്ടു വ്യക്തികള് തമ്മിലുള്ള സ്വകാര്യ തര്ക്കമായി മാത്രം കാണാനാകില്ല. അതിനാല് ഒത്തുതീര്പ്പ് ഈ കേസില് ബാധകമല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സമാനരീതിയില് കോടതിയെ സമീപിച്ചെങ്കിലും പിന്നിട് ഹര്ജി പിന്വലിച്ചതില്നിന്നു യുവതിക്ക് ഇക്കാര്യത്തില് വ്യക്തമായ നിലപാടില്ലന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്ന്നാണ് ഹര്ജി തള്ളിയത്.
Kerala
കാക്കനാട്: കുടിയേറ്റം സീറോമലബാർ സഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികവളർച്ച എന്നിവയ്ക്ക് കുടിയേറ്റം വഴിയൊരുക്കിയപ്പോൾത്തന്നെ അതു ഗൗരവമേറിയ സാംസ്കാരികവും കുടുംബപരവുമായ വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ തട്ടിൽ.
സമൂഹത്തെയും സഭയെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചർച്ചകൾക്ക് എൽആർസി നേതൃത്വം നൽകുന്നതിനെ മേജർ ആർച്ച്ബിഷപ് അഭിനന്ദിച്ചു.
ലിറ്റർജിക്കൽ റിസർച്ച് സെന്റർ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണവും മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. സീറോമലബാർ സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ പ്രസംഗിച്ചു. എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതമാശംസിച്ചു.
‘കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സെമിനാറിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
വൈദികർ, സന്യസ്തർ, ഗവേഷണ വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിൽനിന്നുള്ള അല്മായ ഉൾപ്പെടെയുള്ള പ്രതിനിധികളാണു സെമിനാറിൽ പങ്കെടുക്കുന്നത്. സെമിനാർ ഇന്നു സമാപിക്കും.
District News
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്വാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് ജില്ലയിലെ പതിനാലു പഞ്ചായത്തുകള് കേന്ദ്രീകരിച്ച് പൊതു ഇടങ്ങളെ ശുചിത്വമുള്ളയിടങ്ങളാക്കും. അങ്കണവാടികള്, കുടുംബാരോഗ്യ കേന്ദ്രങ്ങള്, ഹോമിയോ ആശുപത്രികള്, സ്കൂളുകള്, കാത്തിരുപ്പുകേന്ദ്രങ്ങള് എന്നിങ്ങനെ വിവിധ പൊതു ഇടങ്ങള് ശുചിത്വ പൂര്ണമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വൃത്തിയും വെടിപ്പുമുള്ള ഇടങ്ങള് സമൂഹനന്മയ്ക്ക് എന്ന കരുതലോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം ഹോമിയോ ഡിസ്പെന്സറിയുടെ പരിസരം വൃത്തിയാക്കി പദ്ധതിക്ക് തുടക്കം കുറിച്ചു. മരിയാപുരം പഞ്ചായത്തംഗങ്ങളായ സൂസമ്മ തോമസ്, മിനി ജോണി, നാരകക്കാനം സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന് മേലേട്ട്, ജിഡിഎസ് ഹരിതവേദി പ്രസിഡന്റ് സിബി മാത്യു, സെക്രട്ടറി ബിജു അഗസ്റ്റിന്, നാരകക്കാനം ഹോമിയോ ആശുപത്രി ജീവനക്കാര്, ജിഡിഎസ് അനിമേറ്റര് മിനി ജോണി, സ്വാശ്രയസംഘ ഭാരവാഹികള് എന്നിവര് നേതൃത്വം നല്കി. വരും ദിവസങ്ങളില് മഴക്കാല പൂര്വ ശുചീകരണത്തോടോപ്പം ജിഡിഎസ് പ്രവര്ത്തിക്കുന്ന എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രീന്വാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില് അറിയിച്ചു.
Kerala
കൊച്ചി: നന്മയും സ്നേഹവും നിറഞ്ഞ ജീവിതവും പ്രവർത്തനങ്ങളും ഓർമകളായി നൽകി കടന്നുപോയ വ്യക്തിത്വങ്ങൾ സമൂഹത്തിന് എക്കാലവും പ്രചോദനമാണെന്ന് ഫരീദാബാദ് സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ.
ക്രൈസ്തവ സഭയ്ക്കും പൊതുസമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള് ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ അഞ്ചാം ചരമവാര്ഷിക അനുസ്മരണസമ്മേളനം ആലങ്ങാട് സെന്റ് മേരീസ് പള്ളിയില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിസ്വാർഥമായ സേവനങ്ങളിലൂടെയും ആത്മാർഥമായ ഇടപെടലുകളിലൂടെയും മറ്റുള്ളവരുടെ മനസിൽ ഇടം നേടുന്നവർ മാതൃകാവ്യക്തിത്വങ്ങളാണ്. സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷയാണെന്നും മാർ പുത്തൻവീട്ടിൽ പറഞ്ഞു.
സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മാർ ജോസഫ് കരിയാറ്റിയുടെ സ്മരണയ്ക്ക് അഡ്വ. ജോസ് വിതയത്തിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം സഭാതാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു.
വികാരി ഫാ. ആന്റോ ചാലിശേരി, അങ്കമാലി എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ്, ജസ്റ്റീസ് സി. കെ. അബ്ദുൾ റഹീം, വി.വി. അഗസ്റ്റിൻ, യുകെയിലെ മുൻ മേയർ ടോം ആദിത്യ, ഇമാം ഫൈസൽ അസ്ഹരി, സാബു ജോസ്, കൊച്ചുറാണി ജോസഫ്, ഡെന്നി തോമസ്, ബെന്നി ആന്റണി, വിജി ജോളി, ആൻസമ്മ സാബു, ലിയോൺ ജോസ് വിതയത്തിൽ, ലിന്റോ കളപ്പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
നേരത്തെ അനുസ്മരണ ദിവ്യബലിയും ജോസ് വിതയത്തിലന്റെ കബറിടത്തിൽ പ്രാർഥനയുമുണ്ടായിരുന്നു.
Editorial
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല് മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള് നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്ണിയ സ്വദേശിനി കാലെ (20) യാണ് ഇന്സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള് എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
District News
കാഞ്ഞിരപ്പള്ളി: വനിതകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സൊസൈറ്റി വീട്ടമ്മമാർക്ക് കൈത്താങ്ങാകുന്നു. അറുപതോളം വനിതകൾ ചേർന്ന് രൂപീകരിച്ച അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധയിടങ്ങളിലെ വീട്ടമ്മമാരായ വനിതകൾക്ക് തൊഴിൽ ഉറപ്പു വരുത്തുന്നത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളുമായടക്കം ചേർന്ന് വനിതകൾക്ക് തൊഴിൽ ഉറപ്പാക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ സ്വകാര്യ കമ്പനിയുടെ ഗ്ലൗസുകളുടെ പായ്ക്കിംഗ്, ഗുണമേന്മാ പരിശോധന എന്നിവയാണ് നടന്നുവരുന്നത്. ദിനംപ്രതി 500 ലധികം രൂപ സൊസൈറ്റി അംഗങ്ങളും ജീവനക്കാരുമായ വീട്ടമ്മമാർക്ക് ഈ ഇനത്തിൽ വരുമാനമായി ലഭിക്കുന്നുണ്ട്.
2025 ഏപ്രിലിലാണ് സൊസൈറ്റി ആരംഭിച്ചത്. സാധാരണക്കാരായ വീട്ടമ്മമാരാണ് സൊസൈറ്റിയിലെ അംഗങ്ങൾ. വാർഡ് മെംബർ ആനിയമ്മ ജോയി കിഴക്കേത്തലയ്ക്കലാണ് സൊസൈറ്റിയുടെ രൂപീകരണത്തിന് പിന്നിൽ. ചീഫ് പ്രൊമോട്ടർ ഫാ. ടോണി കുതിരമറ്റവും എല്ലാവിധ പിന്തുണയുമായി ആനിയമ്മയ്ക്കൊപ്പമുണ്ട്. സഹകരണബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവിടങ്ങളിലെ ബോർഡ് മെംബർ കൂടിയായ ആനിയമ്മ ജോയി സൊസൈറ്റിയുടെ പ്രവർത്തനം വാർഡിലാകെ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
മഡോണ ഐടിഐ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊസൈറ്റിയിലൂടെ 200 പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ടെയ്ലറിംഗ് യൂണിറ്റ് ആരംഭിക്കാനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു.
District News
തൊടുപുഴ: ജില്ലാ പോലീസ് സഹകരണസംഘം തൊടുപുഴയില് പുതിയ ബ്രാഞ്ച് മന്ദിരം തുറന്നു. കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിനു സമീപം മൂന്നു നിലകളിലായി നിര്മിച്ച മന്ദിരം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എച്ച്. സനല്കുമാര് അധ്യക്ഷത വഹിച്ചു.
അഡീഷണല് എസ്പി ഇമ്മാനുവല് പോള്, തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു, സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പി ടി.എ. യൂനസ്, സഹകരണവകുപ്പ് അസി. രജിസ്ട്രാര് സി.ആര്. വില്സണ്, പ്രേംജി കെ. നായര്, സഞ്ജു വി. കൃഷ്ണന്, കെ.കെ. ജോസ്, കെ.എം. ഔസേപ്പ്, മര്ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്, ടി.ആര്. സോമന്, അജിത്ത് ടി. ചിറയില്, ഇ.ജി. മനോജ് കുമാര്, അഖില് വിജയന്, കെപിഎ ജില്ലാ പ്രസിഡന്റ് അബ്ദുള് റസാക്ക്, സെക്രട്ടറി എസ്. അനീഷ് കുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
പാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് .
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. യുവജനപ്രവർത്തനങ്ങളുടെ ദിശാസൂചികയും പ്രവർത്തനമാർഗരേഖയും ഉൾക്കൊള്ളുന്ന സംസ്ഥാന യുവജനനയം രൂപീകരിക്കുന്നതിലേക്കുള്ള നിർണായകഘട്ടമാണ് ഈ അസംബ്ലിയെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി ജോബിൻ ജോസ്, പാലക്കാട് രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ, ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, സംസ്ഥാന ഭാരവാഹികളായ ജെ.ആർ. അനൂപ്, ജോഷ്ന എലിസബത്ത്, ജോസ്മി ജോസ്, ജീന ജോർജ്, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. നോർബർട്ട സിടിസി എന്നിവർ അസംബ്ലിക്കു നേതൃത്വം നൽകി.
യുവജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളായ ആഗോളകുടിയേറ്റം, നൈപുണ്യവികസനവും കരിയർ ശക്തീകരണവും, സാമൂഹിക രാഷ്ട്രീയ നേതൃത്വം, മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, ആത്മീയത, മാധ്യമ-കലാ-സാഹിത്യമേഖല, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ചചെയ്തു. ഓരോ വിഷയങ്ങളിലും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസുകളും ചർച്ചകളും നയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യൂത്ത് അസംബ്ലി, യുവജനങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി ഭാവിയിലെ പ്രവർത്തനങ്ങൾക്കു വ്യക്തമായ രൂപരേഖ തയാറാക്കുന്നതിനുള്ള വേദിയായി.
കെസിവൈഎം സംസ്ഥാനസമിതി മുന്നോട്ടുവയ്ക്കുന്ന യുവജനനയം സഭയുടെയും സമൂഹത്തിന്റെയും വികസനത്തിൽ യുവജനങ്ങളെ സജീവപങ്കാളികളാക്കുന്നതിനു സഹായകരമാകുമെന്നു സംഘാടകർ വ്യക്തമാക്കി.
District News
പത്തനംതിട്ട : സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സത് ക്രിയ അവാർഡ് മറിയാമ്മ ഉമ്മൻ ചാണ്ടിക്ക് ആന്റോ ആന്റണി എംപി സമ്മാനിച്ചു. അവാർഡ് സ്വീകരിച്ച മറിയാമ്മ ഉമ്മൻ ചാണ്ടി അവാർഡ് തുകയായ 25,000 രൂപ വിവിധ രോഗികൾക്കായി വിതരണം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് പോൾ റമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. സൊസൈറ്റി പ്രവർത്തന രൂപ രേഖ സെക്രട്ടറി ജേക്കബ് കുറ്റിയിൽ അവതരിപ്പിച്ചു . സൊസൈറ്റിയുടെ ഭവന നിർമാണ പദ്ധതി കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി ഉദ്ഘാടനം ചെയ്തു.
വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് സഹായ ധന വിതരണം ഫാ. കെ. എസ്. ജോർജ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ടി. ജോൺ , വാർഡ് മെംബർ അംബിക വിനയൻ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജസ്റ്റീസ് നാടാവള്ളിൽ, ജേക്കബ് ജോർജ് കുറ്റിയിൽ, പട്ടാഴി ഉണ്ണികൃഷ്ണൻ, ഡോ. മറിയം ഉമ്മൻ എന്നിവർ പ്രസംഗിച്ചു
District News
ചങ്ങനാശേരി: സിനിമ സമൂഹത്തിന്റെ നേരിട്ടുള്ള പ്രതിഫലനമല്ലെന്നും ഒരു കാഴ്ചപ്പാട് മാത്രമാണെന്നും സംവിധായകനും നിരൂപകനുമായ കെ. ഹരിഹരന്. ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില് നടന്ന ശങ്കരമംഗലം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋതിക് ഘട്ടക്കിന്റെ സുബര്ണരേഖ വര്ത്തമാനകാലത്തും പ്രസക്തിയുള്ളതാണെന്ന് വിദ്യാര്ഥികളുമായുള്ള സംവാദത്തിനിടെ ഹരിഹരന് വിശദീകരിച്ചു.
റിസര്ച്ച് ഡയറക്ടര് ഡോ. ലിങ്കണ് കടൂപ്പാറയില്, പ്രശസ്ത ചലച്ചിത്ര നിരൂപകന് സി.എസ്. വെങ്കിടേശ്വരന് എന്നിവര് ചര്ച്ചകളില് പങ്കെടുത്തു. എല്.കെ. ലീനസ് മോഡറേറ്ററായിരുന്നു.
മീഡിയ വില്ലജ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്സിപ്പല് റവ.ഡോ. മാത്യു മുര്യങ്കരി, മീഡിയ സ്റ്റഡീസ് ഡീനും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ്, വൈസ് പ്രിന്സിപ്പല് തോമസ് ജോസഫ്, അക്കാദമിക് ഡയറക്ടര് റവ.ഡോ. ജോജിന് ഇലഞ്ഞിക്കല്, നിസ സൂസന് മാത്യു, ആല്വിന് ജോണ്സന് എന്നിവര് പ്രസംഗിച്ചു.
എസ്ജെസിസി മുന് പ്രിന്സിപ്പലും പുനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് മുന് ചെയര്മാനും ചലച്ചിത്ര സംവിധായകനുമായിരുന്ന ഡോ. ജോണ് ശങ്കരമംഗലത്തിന്റെ സ്മരണയ്ക്കായി 2019 മുതല് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ അഞ്ചാം പ്രഭാഷണപരമ്പരയാണ് സംഘടിപ്പിച്ചത
District News
കരിമണ്ണൂര്: കരുണ ചാരിറ്റബിള് സൊസൈറ്റി സമ്മേളനവും ജനപ്രതിനിധികളെ ആദരിക്കലും ഡയാലസിസ് രോഗികള്ക്കുള്ള ധനസഹായ വിതരണവും നടത്തി. രക്ഷാധികാരി റവ. ഡോ. ജോസഫ് കൊച്ചുപറമ്പില് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് കെ.എം. മത്തച്ചന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങളെയും അന്തര്ദേശീയ നീന്തല് താരം ബേബി വര്ഗീസിനെയും ചടങ്ങില് ആദരിച്ചു. എന്.ആര്. നാരായണന്, പി.വി. ഡാമിയന്, കെ.എസ്. ജോസ്, കെ.ആര്. പ്രദീപ്, ഹാജിറ അലിയാര്, കെ.ജെ. ജോസഫ്, കെ.വി. ദേവസ്യ, പി.ഇ. ബേബി എന്നിവര് പ്രസംഗിച്ചു.
Kerala
നടിയെ ആക്രമിച്ച കേസില് കോടതി വിധിച്ച ശിക്ഷ തികച്ചും അപര്യാപ്തമാണ്. 2013 ല് ഡല്ഹിയിലെ നിര്ഭയ കേസിനുശേഷം ഇന്ത്യന് പീനല് കോഡില് സ്ത്രീകള്ക്കെതിരേയുള്ള കുറ്റകൃത്യങ്ങള് സംബന്ധിച്ച സമഗ്രമായ ഭേദഗതി വരുത്തിയതിനെത്തുടര്ന്നാണ് 376 ഡി എന്ന ഒരു വകുപ്പ് എഴുതിച്ചേര്ത്തത്.
കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്ഷവും പരാമവധി ശിക്ഷ ജീവപര്യന്തം തടവുമാക്കി മാറ്റിയത് ആ ഘട്ടത്തിലാണ്. പരമാവധി ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയെന്നു മാത്രമല്ല ഇതിന് ഒരു വിവരണംകൂടി കൊടുത്തിരുന്നു. ശേഷിക്കുന്ന ജീവിതകാലം മുഴുവന് ജയിലിലായിരിക്കണം എന്നായിരുന്നു അത്. കൊലക്കുറ്റത്തിനുപോലും ഈയൊരു നിര്വചനമല്ല. ആ ഒരു സാഹചര്യത്തില് സാധാരണ കൂട്ടബലാത്സംഗ കേസല്ല നടിയെ ആക്രമിച്ച കേസെന്നു സാമാന്യ ബുദ്ധിയുള്ള ആര്ക്കും ഊഹിക്കാവുന്നതാണ്.
ശിക്ഷ ഇതു പോരാ!
സാധാരണ കൂട്ടബലാത്സംഗ കേസാണെങ്കില് സ്വാഭാവികമായും ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്ഷം കൊടുക്കുന്നതില് തെറ്റില്ല. ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വന്നപ്പോള് ഇതൊരു ക്വട്ടേഷന് ബലാത്സംഗമാണെന്ന് അന്നു സിംഗിള് ബെഞ്ച് പറഞ്ഞതാണ്. രാജ്യചരിത്രത്തില്ത്തന്നെ ബലാത്സംഗം ചെയ്യാന് ക്വട്ടേഷന് കൊടുത്ത അത്യപൂര്വ കേസുകളില് ഒന്നാണിത്. മാത്രമല്ല, ഒരുപാട് സവിശേഷതകളുള്ള കേസുമാണ്.
മുഖ്യ ഗൂഢാലോചനക്കാരന് വേറെയാളാണ്. ബലാത്സംഗം എന്നത് ഒരു സ്വകാര്യ കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്ന പ്രതിപോലും ഇക്കാര്യം പുറത്താരും അറിയാന് പാടില്ലെന്നു നിര്ബന്ധമുള്ളയാളായിരിക്കും. അതുകൊണ്ടാണ് ബലാത്സംഗത്തെ സ്വകാര്യ കുറ്റകൃത്യമെന്നു പറയാന് കാരണം.
ഗൂഢാലോചന ഉണ്ടെന്നു വ്യക്തം
ഈ കേസില് പതിവിനു വിരുദ്ധമായി കൂട്ടബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല, അതിന്റെ ദൃശ്യങ്ങള് പുറത്തെത്തിക്കുകയും ചെയ്തു. അതിനു പ്രതിഫലം ആവശ്യപ്പെട്ടു, പ്രതിഫലം വാങ്ങി എന്നതെല്ലാം പ്രോസിക്യൂഷന് കോടതിയില് തെളിവുകൾ നിരത്തി സ്ഥാപിക്കാന് സാധിച്ചിട്ടുണ്ട്. കോടതിക്ക് ഇതു സ്വീകാര്യമായില്ല. അതുകൊണ്ടുതന്നെ പതിവില് കവിഞ്ഞ അത്യപൂര്വമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. ഇതിൽ മുഖ്യമായി ഗൂഢാലോചന നടത്തിയയാളെ വെറുതെ വിട്ട വിഷയം വേറൊന്ന്. അതിനര്ഥം ഗൂഢാലോചന ഇല്ല എന്നല്ല. ഗൂഢാലോചന ഉണ്ട് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും ഊഹിക്കാന് കഴിയുന്ന കാര്യമാണ്.
ചോദ്യങ്ങൾ ഇനിയുമുണ്ട്
ധാരാളം സ്വഭാവവിശേഷതകളുള്ള ഈ കൂട്ടബലാത്സംഗ കേസില് കുറഞ്ഞ ശിക്ഷ നല്കിയതു കോടതിക്ക് തെറ്റു പറ്റിയെന്നതിനു വ്യക്തമായ തെളിവാണ്. ഇതു നല്കുന്ന സന്ദേശമെന്താണ്? ശിക്ഷ എന്നതു കുറ്റകൃത്യത്തിന് ആനുപാതികമായിരിക്കണം. 2013 ല് ഇന്ത്യന് പീനല് കോഡ് ഭേദഗതി ചെയ്യുന്നതിനു മുമ്പ് ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനുമെല്ലാം കുറഞ്ഞ ശിക്ഷ ഏഴു വര്ഷവും പരമാവധി ശിക്ഷ പത്തു വര്ഷവുമായിരുന്നു. തക്കതായ എന്തെങ്കിലും കാരണമുണ്ടെങ്കില് അതില് കുറച്ചു നല്കാനും വ്യവസ്ഥയുണ്ടായിരുന്നു.
2013 ല് പാര്ലമെന്റ് കൊണ്ടുവന്ന സമഗ്രമായ ഭേദഗതി സ്ത്രീസുരക്ഷ ലക്ഷ്യം വച്ചിട്ടാണ്. ഈ ഭേദഗതിനിയമത്തിന്റെ സ്പിരിറ്റ് പാടെ അവഗണിച്ചുകൊണ്ടുള്ള വിധിയാണ് എറണാകുളം സെഷന്സ് കോടതിവിധിയെന്ന് പറയേണ്ടിയിരിക്കുന്നു. ഇതുപോലെ ഹീനകൃത്യം ചെയ്ത ആളുകള്ക്ക് കുറഞ്ഞ ശിക്ഷ നല്കുന്നതുവഴി ഒരു സാധാരണ കൂട്ടബലാത്സംഗ കേസായും ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉള്ക്കൊള്ളാന് സാധിക്കാത്ത ഈ കുറ്റകൃത്യത്തെ ചെറുതാക്കി കാണിച്ചുവെന്ന തെറ്റായ സന്ദേശമാണു പുറത്തുവരുന്നത്.
ചോദ്യം ചെയ്യപ്പെടേണ്ട വിധി
ഈ വിധി മൊത്തം പരിശോധിച്ചാല് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അപ്പീലില് ഇരയ്ക്കു നീതി കിട്ടുമെന്ന കാര്യത്തില് സംശയമില്ല.
സാധാരണ കൊലക്കുറ്റത്തിനു ലഭിക്കുന്ന ജീവപര്യന്തം തടവിനേക്കാള് വലിയ തടവാണ് ഇതിലെ ജീവപര്യന്തം തടവ്. കാരണം 376 ഡി പ്രകാരം ശേഷിക്കുന്ന ജീവിതകാലം മുഴുവനും ജയിലില് കഴിയണമെന്നാണ്. മാത്രമല്ല, പിഴ വിധിക്കുമ്പോള് ഇരയുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും ആവശ്യമായ സംഖ്യയ്ക്കു സമാനമായ സംഖ്യ പിഴ വിധിക്കണമെന്നാണു നിയമത്തില് പറയുന്നത്. ഇക്കാര്യങ്ങളൊന്നും കോടതി പരിശോധനയ്ക്കു വിധേയമാക്കിയില്ല.
ഒരു കുറ്റകൃത്യം എന്നത് ഒരു വ്യക്തിക്കെതിരേയല്ല, സമൂഹത്തിന് എതിരേയാണ്. നാളെകളില് ഇതുപോലെയുള്ള കുറ്റകൃത്യങ്ങളില് ചെയ്യുന്നതില്നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെങ്കില് ശക്തമായ സന്ദേശം സമൂഹത്തിനു നല്കാന് പര്യാപ്തമായിരിക്കണം കോടതി വിധിക്കുന്ന ശിക്ഷ. അത് ഈ വിധിയിലൂടെ ഉണ്ടായില്ല എന്നതു വളരെ ദുഃഖകരമായ കാര്യമാണ്.